സവാളയുടെ പുറത്തും ഫ്രിഡ്ജിനുള്ളിലും കാണുന്ന കറുത്ത പാളികൾ ബ്ലാക്ക് ഫംഗസിന് കാരണമാകുമോ?

നിങ്ങളുടെ വീട്ടിലെ ഇനങ്ങളിൽ വളരെയധികം ഭയാനകമായ മ്യൂക്കോമൈക്കോസിസ് ഫംഗസ് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ ആശങ്കപ്പെടില്ലേ? ബ്ലാക്ക് ഫംഗസ് നിങ്ങൾ കഴിക്കുന്ന പച്ചക്കറികളിലും ഭക്ഷണം സൂക്ഷിക്കുന്ന റഫ്രിജറേറ്ററിലുമാണെന്ന് പറഞ്ഞാലോ? ഭയപ്പെടുത്തുന്നു, അല്ലേ?
കൊവിഡിന് പുറമേ രാജ്യത്ത് ബ്ലാക്ക് ഫംഗസും ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടെയാണ് സവാളയുമായി ബന്ധപ്പെടുത്തി ഒരു വാർത്ത പ്രചരിക്കുന്നത്. സവാളയുടെ തൊലിയിൽ കാണുന്ന കറുത്ത പദാർത്ഥം ബ്ലാക്ക് ഫംഗസ് പരത്തുന്നു എന്ന രീതിയിലാണ് പ്രചാരണം. സവാള വാങ്ങുമ്പോൾ സൂക്ഷിക്കണമെന്നും, ഫ്രിഡ്ജിനകത്ത് കാണപ്പെടുന്ന അതേ ഫംഗസാണ് സവാളയിലുള്ളത് എന്നുമാണ് പ്രചാരണം. എന്നാൽ സത്യാവസ്ഥ മറ്റൊന്നാണ്.
സവാളയിലെ കറുത്ത പദാർത്ഥവും ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ആസ്പർ ജില്ലസ് നൈഗർ എന്ന ഫംഗസാണ് സവാളയിൽ കാണുന്ന ഈ കറുത്ത വസ്തു എന്ന് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ വ്യക്തമാക്കുന്നു. ഇതിന് മ്യൂക്കോമൈക്കോസിസുമായി യാതൊരു ബന്ധവുമില്ല. കൂടാതെ ഫ്രിഡ്ജിനകത്ത് ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് കാരണമാകുന്ന ഫംഗസിന് ജീവിക്കാനാകില്ല എന്നതാണ് മറ്റൊരു വസ്തുത. തീർത്തും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് വ്യാജന്മാർ പ്രചരിപ്പിക്കുന്നത്. കിഴങ്ങുവർഗങ്ങൾ എല്ലാം കഴുകി ഉപയോഗിക്കുന്നതുപോലെ, സവാളയും കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ, ബ്ലാക്ക് ഫംഗസിനെ നിറത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസിന് കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ് ഇത് പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഫംഗസ് പ്രവേശിക്കുന്നതുവഴി രോഗബാധയുണ്ടാകും.
Comments
Post a Comment