മുന്‍ അഫ്ഗാന്‍ ഐടി മന്ത്രി, ഇപ്പോള്‍ ജര്‍മ്മനിയില്‍ പിസ ഡെലിവറി ബോയ്

ബര്‍ലിന്‍: ജര്‍മനിയില്‍ പിസ്സ ഡെലിവവറി ബോയിയായി ജീവിതം മുന്നോട്ട് നയിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ ഒരു മുന്‍ മന്ത്രി . സയ്യിദ് അഹ്‌മദ് ഷാ സാദത്തിന്റെ ഡെലിവറി ബോയിയായുള്ള ജീവിതം അല്‍ജസീറയാണ് പുറത്തുവിട്ടത്. ഇതിന്‍റെ ചിത്രങ്ങള്‍ ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനിസ്ഥാന്‍ വിട്ട സാദത്ത് ജര്‍മനിയിലേക്ക് കുടിയേറിയത്.


2018ലാണ് അഷ്‌റഫ് ഗനി സര്‍ക്കാറില്‍ മന്ത്രിയായത്. ഗനിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2020ല്‍ സാദത്ത് രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ വിട്ട് ജര്‍മ്മനിയില്‍ കുടിയേറി. അഫ്ഗാനില്‍ ഐടി വകുപ്പ് മന്ത്രിയായിരുന്നു സാദത്ത്. ഇത് തന്റെ ചിത്രങ്ങളാണെന്ന് സാദത്ത് സമ്മതിച്ചുവെന്നാണ് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 


ജര്‍മ്മനിയില്‍ എത്തിയ ശേഷം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് ലിവ്‌റാന്ദോ കമ്പനിയ്ക്ക് വേണ്ടി പിസ വീട്ടിലെത്തിക്കുന്ന ജോലി എടുത്തത്. ജര്‍മന്‍ നഗരത്തിലെ വീടുകളിലേക്ക് സൈക്കിളിലാണ് അദ്ദേഹം ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്. ലണ്ടണിലെ ഒരു ടെലികോം കമ്പനിയുടെ സി.ഇ.ഒ ആയിട്ടും സാദത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് അഫ്ഗാനിസ്ഥാനില്‍ എത്തുകയായിരുന്നു.


ജര്‍മനിയില്‍ താന്‍ വളരെ ലളിതമായാണ് ജീവിക്കുന്നത് എന്നും ജര്‍മനി സുരക്ഷിതമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരണത്തിനൊന്നും സാദത്ത് തയ്യാറായില്ല. പക്ഷെ താലിബാന് മുന്നില്‍  അഷറഫ് ഗനി സര്‍ക്കാര്‍ ഇത്ര നിലംപതിക്കുമെന്ന് കരുതിയില്ലെന്നാണ് സാദത്ത് അഭിപ്രായപ്പെടുന്നു.