ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് രോഗി കുത്തിപ്പിടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടായി
തിരുവനന്തപുരം: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് രോഗി കുത്തിപ്പിടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടായി.
തിരുവനന്തപുരം കാട്ടാക്കടയില്‍ ഉണ്ടായ അപകടത്തില്‍ ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവശേഷം ആംബുലന്‍സിലുണ്ടായിരുന്ന രോഗിയായ യുവാവ് ഓടി രക്ഷപെട്ടു.
ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ കാട്ടാക്കട അണപ്പാടിനു സമീപമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങിയ രോഗിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യുവാവ് വീട്ടിലേക്ക് പോകാന്‍ ആശുപത്രി വളപ്പിലുണ്ടായിരുന്ന ആംബുലന്‍സ് വിളിച്ചത്. ഡ്രൈവറുമായി സൌഹൃദം സ്ഥാപിച്ച യുവാവ് സംസാരിച്ചിരിക്കുന്നതിനിടെയാണ് പ്രകോപനമില്ലാതെ അക്രമാസക്തനായതെന്ന് പറയപ്പെടുന്നു. അണപ്പാടിന് സമീപമെത്തിയപ്പോള്‍ യുവാവ് അകാരണമായി ബഹളം വച്ച് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു, ഇതോടെ നിയന്ത്രണം തെറ്റി ആംബുലന്‍സ് സമീപത്തെ പുരയിടത്തിലെ താഴ്ചയിലേക്ക് പതിച്ചു. വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടം ഉണ്ടായില്ല. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. എന്നാല്‍ അതിനിടെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന യുവാവ് സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ മണിയറവിള സ്വദേശി അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ഇടയാക്കിയ യുവാവിനെ കണ്ടെത്താന്‍ മാറാനല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment