ആരോഗ്യ മന്ത്രി ഇടപ്പെട്ടു: ഹൈസിൻ ഷാൻ്റെ കുഞ്ഞുഹൃദയം മാറ്റിവെച്ചു

കോഴിക്കോട്: രണ്ട് മാസം മാത്രം പ്രായമുള്ള ഹൈസിൻ ഷാൻ ശ്വസിക്കുന്നത് കണ്ടാൽ ആരുടെയും ഹൃദയം നടുങ്ങും.
അത്രയും പ്രയാസപ്പെട്ടാണ് അവൻ ജീവശ്വാസമെടുക്കുന്നത്. വെൻ്റിലേറ്ററിൽ കഴിഞ്ഞ അവൻ്റെ ജീവൻ നിലനിർത്താനായി ഹൃദയം മാറ്റിവെയ്ക്കൽ മാത്രമെ പരിഹാരമുള്ളുവെന്നാണ് ഡോക്റ്റർമാർ പറഞ്ഞത്.
കൂലിപണിക്കാരനായ പിതാവ് കണ്ണൂർ പുതിയതെരു കാട്ടാമ്പള്ളി ഷാനവാസും ഭാര്യ ഷംസീറയും ബന്ധുക്കളും സാമ്പത്തിക പരാധീനതകൾ മറന്ന് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ശസ്ത്രക്രിയ നടത്താനായി കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറ്റി വെയ്ക്കാനുള്ള ഹൃദയത്തിനായി സംസ്ഥാന സർക്കാരിൻ്റെ ഹൃദയം പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഷാനവാസ് കുഞ്ഞു ഹൈസിൻ്റെ വിവരങ്ങൾ ഫെയ്സ് ബുക്ക് മെസേജ് വഴി ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ അറിയിക്കുന്നത്.
ഹായ് മേഡം, എന്റെ പേര് ഷാനവാസ്, കണ്ണൂർ സ്വദേശം. എന്റെ മകൻ ഹൈസിൻ ഷാൻ ഹൃദയം സംബന്ധ രോഗം മൂർച്ഛിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്റർ സഹായത്താൽ ആണ് ഇപ്പോ ജീവൻ നിലനിർത്തിറ്റുള്ളത് - എന്നായിരുന്നു ഷാനവാസിൻ്റെ സന്ദേശം.
ചൊവ്വാഴ്ച വൈകുന്നേരം കൊച്ചി കിംസിൽ കുട്ടിയെ എത്തിച്ച് ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശം ലഭിച്ചു. ഉടൻ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തി രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. ഇന്നലെ (ബുധനാഴ്ച) വൈകുന്നേരം ആറരയോടെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്, ഷാനവാസിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.
അപ്പോൾ മാത്രമാണ് മന്ത്രിയ്ക്ക് താൻ അയച്ച സന്ദേശം വെറുതെയായില്ലെന്ന് ഷാനവാസിന് വിശ്വസിക്കാനായത്. ഫേസ്ബുക്ക് വഴി ലഭിച്ച സന്ദേശത്തിൽ മന്ത്രി ഉടൻ തുടർ നടപടിയെടുക്കുകയായിരുന്നു. ഇതോടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പെട്ടെന്ന് നടന്നു. പുതു ഹൃദയം ഹൈസിൻ ഷാൻ്റെ ശരീരത്തിൽ മിടുപ്പ് തുടങ്ങിയിട്ടുണ്ട്.
ഹൈസിൻ്റെ പുതുജീവനുവേണ്ടി എല്ലാവരും പ്രാർത്ഥനയിലാണ്. പ്രസവശേഷം രണ്ട് മാസത്തിന് അടുത്തെത്തിയപ്പോഴാണ് ഹൈസിൻ ഷാൻ പാൽ കുടിക്കാൻ പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടന്ന വിദഗ്ധ പരിശോധനയിലാണ് ഹൃദയത്തിൻ്റെ നാല് വാൽവുകളിൽ രണ്ടെണ്ണം ചെറുതാണെന്ന് കണ്ടെത്തുന്നത്. ഇതുകൊണ്ടാണ് കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ പ്രയാസം നേരിടുന്നത്. തുടർന്ന് ഹൃദയം മാറ്റിവെയ്ക്കാൻ ഡോക്റ്റർമാർ നിർദേശിക്കുകയായിരുന്നു.
Post a Comment