പൂച്ച മാന്തിയെന്ന് പരാതിപ്പെട്ട് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ട
ജയ്പൂർ: വയറ്റിൽ വല്ലാത്തൊരു നീറ്റലോടെയാണ് നേമി ചന്ദ് ഉറക്കമുണർന്നത്. കണ്ണുതുറന്നു നോക്കിയപ്പോൾ വാരിയെല്ലിനോട് ചേർന്ന് നല്ല വേദന. തൊട്ടപ്പുറത്തുകൂടി ഒരു പൂച്ച പാഞ്ഞുപോവുന്നത് കണ്ടപ്പോൾ തന്നെ പൂച്ച മാന്തിയതാവും എന്നയാൾ കരുതി. എന്നാൽ, ഏഴുമണിക്കൂറോളം പിന്നിട്ടിട്ടും ആ മുപ്പത്തഞ്ചുകാരന്റെ മുറിവിലെ വേദന ശമിക്കാഞ്ഞ് ഒടുവിൽ വീട്ടിലുണ്ടായിരുന്ന മറ്റുള്ള അംഗങ്ങളോട് പരാതിപ്പെട്ടപ്പോഴാണ്, കിടക്കയിൽ നിന്ന് ഒരു വെടിയുണ്ടയുടെ ഷെൽ അയാളുടെ റൂം മേറ്റ് കണ്ടെടുക്കുന്നത്. അപ്പോഴാണ് തന്നെ പൂച്ച മാന്തിയതല്ല, ആരോ വെടിവെച്ചതാണ് എന്നായാലും തിരിച്ചറിയുന്നത്. രാജസ്ഥാനിലെ മൽവാരയിലാണ് സംഭവം.
ഉടനടി ആശുപത്രിയിലെത്തി എക്സ്റേ എടുത്ത ഡോക്ടർമാർ നേമിചന്ദിന്റെ നെഞ്ചിൻകൂടിൽ അടക്കം ചെയ്ത ഒരു വെടിയുണ്ട കണ്ടെത്തി. ഈ ഉണ്ട അയാളുടെ ആന്തരികാവയവങ്ങളിൽ തുളച്ചു കയറാതെ തലനാരിഴയ്ക്കാണ് അയാൾ രക്ഷപ്പെട്ടത്. ജനറൽ അനസ്തേഷ്യ നൽകി ഉടനടി ശസ്ത്രക്രിയക്ക് വിധേയനാക്കപ്പെട്ട ഈ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ വിജയകരമായി തന്നെ ആ വെടിയുണ്ട നീക്കം ചെയ്തു. ഇയാൾ അപകടാവസ്ഥയെ അതിജീവിച്ചു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
നേമിചന്ദിന് പൂച്ച മാന്തിയതല്ല, വെടിയേറ്റതാണ് എന്നു ബോധ്യപ്പെട്ടതോടെ, മൽവാര പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തനിക്ക് വിശേഷിച്ച് ഒരു ശത്രുക്കളും ഇല്ല എന്നാണ് നേമിചന്ദ് അവകാശപ്പെടുന്നത് എങ്കിലും വിശദമായ അന്വേഷണത്തിന് തന്നെ പൊലീസ് അധികാരികൾ ഉത്തരവിട്ടിരിക്കുകയാണ്.
Comments
Post a Comment