അര്‍ധരാത്രി നഗരമധ്യത്തില്‍ ഓട്ടോ മറിച്ചു; ബന്ധു വഴിയരികില്‍ ഉപേക്ഷിച്ച പരിക്കേറ്റയാള്‍ മരണപ്പെട്ടു
ഏറ്റുമാനൂര്‍: നഗരമധ്യത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. എംസി റോഡില്‍ നടപ്പാതയ്ക്ക് സമീപം എട്ടുമണിക്കൂറോളം കിടന്ന യുവാവ് പിന്നീട് മരിച്ചു. പരിക്കേറ്റ യുവാവിനൊപ്പം ഉണ്ടായിരുന്ന ബന്ധു സഹായിക്കാതെ കടന്നുകളഞ്ഞുവെന്ന് ആരോപണമുണ്ട്. അതിരമ്പുഴ പുത്തന്‍പുരയ്ക്കല്‍ ആര്‍ വിനുമോനാണ് മരണപ്പെട്ടത്. ഇയാള്‍ക്ക് മുപ്പത്തിയാറ് വയസായിരുന്നു.
ബന്ധുവായ നൌഫല്‍ എന്ന രാജേഷിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടു. മരണകാരണം അറിഞ്ഞശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിനുവിന്‍റെ മരണം സംബന്ധിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച അര്‍ധരാത്രിയോടെ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നൌഫലിന്‍റെ മാതൃസഹോദരിയുടെ പട്ടിത്താനത്തുള്ള വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു വിനുമോനും, നൌഫലും. ഓട്ടോയിലായിരുന്നു യാത്ര. ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ രാത്രിയോടെ ഓട്ടോമറിച്ച് ഈ സമയം വിനു നിലത്ത് വീണുകിടക്കുകയായിരുന്നു. പിന്നീട് ഡ്രൈവറും നൌഫലും ചേര്‍ന്ന് വാഹനം ഉയര്‍ത്തി വിനുവിനെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
പിന്നീട് വിനുവിനെ റോഡരികിലെ നടപ്പാതയില്‍ കിടത്തി. 12.50ന് വിനുവിനെ തനിയെ കിടത്തി നൌഫല്‍ ഓട്ടോയില്‍ കയറിപ്പോയി. തുടര്‍ന്ന് നടപ്പാതയില്‍ കിടന്ന വിനു അസ്വസ്ഥത പ്രകടപ്പിക്കുന്നത് വ്യക്തമാണ്. എട്ടുമണിക്കൂറോളം ഇയാള്‍ നടപ്പാതയില്‍ കിടന്നു. നഗരം വിജനമായതിനാല്‍ ആരും ശ്രദ്ധിച്ചില്ല. ഇയാള്‍ അപസ്മാര രോഗി കൂടിയാണ്. അതേ സമയം മരണകാരണം അന്വേഷിക്കുന്നുണ്ടെന്നാണ് ഏറ്റുമാനൂര്‍ ഡിവൈഎസ്പി അറിയിച്ചത്.

Comments
Post a Comment