ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

മുംബൈ: ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ  കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. അതേസമയം, ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.


ഷാരുഖ് ഖാനിൽ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീ‌ർ വാങ്കഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാൾ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്  വന്നിട്ടുണ്ട്.


ഇന്ന് മുംബൈയിലെത്തുന്ന എൻസിബിയുടെ അഞ്ചം​ഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടുക. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് ഇന്നലെ ബോംബെ ഹൈക്കോടതിയിൽ ഉന്നയിച്ച കാരണങ്ങളിലൊന്നും സാക്ഷിയുടെ വെളിപ്പെടുത്തൽ തന്നെയായിരുന്നു. സാക്ഷികളെ ഷാരൂഖിന്‍റെ മാനേജ‌ർ സ്വാധീനിച്ചെന്നാണ് വാദം.

എന്നാൽ, ഇത് നിഷേധിച്ച ആര്യൻ സാക്ഷികളെ അറിയില്ലെന്ന് കോടതിയിൽ പറഞ്ഞു. ലഹരിമരുന്ന് ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെന്നും ഉപയോഗിച്ചതിനും ശാസ്ത്രീയ തെളിവില്ലെന്നും ആര്യനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. തെളിവായി ചൂണ്ടിക്കാണിക്കുന്ന വാട്‍സ് ആപ്പ് ചാറ്റുകൾ പോലും മൂന്ന് വർഷം പഴക്കമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അതേസമയം, സമീറിനൊപ്പം രണ്ട് വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എഴുതിയതെന്ന് അവകാശപ്പെടുന്ന ഒരു കത്ത് എൻസിപി മന്ത്രി നവാബ് മാലിക് ഇന്നലെ പുറത്ത് വിട്ടിരുന്നു. ലഹരി ഇടപാടുകാരുമായുള്ള ബന്ധം ഉപയോഗിച്ച് കിട്ടുന്ന ലഹരി വസ്തുക്കളാണ് പല കേസിലും സമീർ വാങ്കഡെ തൊണ്ടിമുതലാക്കുന്നെന്ന് കത്തിൽ ആരോപിക്കുന്നു. ആര്യൻ ഖാന്‍റേതടക്കം ഇത്തരം കെട്ടിച്ചമച്ച 26 കേസുകളുടെ വിവരങ്ങളും കത്തിലുണ്ട്. ദീപികാ പദുകോൺ അടക്കമുള്ള ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടിയെന്നും കത്തിൽ ആരോപിക്കുന്നു.

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....