'ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു'; ആര്യൻഖാൻ കേസിൽ സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ

                                    

മുംബൈ: ആര്യൻഖാൻ പ്രതിയായ ലഹരി മരുന്ന് കേസിൽ സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചു. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ  കണ്ടു. കിരൺ  ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടു.


കിരൺ ഗോസാവിയെന്ന, ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ. എൻസിബി ഓഫീസിനകത്ത് വച്ച് കിരൺ  ഗോസാവിയെന്ന തന്‍റെ ബോസ് വലിയ അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യൻഖാനെ കൊണ്ട് ഇയാൾ ആരെയൊക്കെയോ ഫോണിൽ വിളിപ്പിക്കുന്നതിന്‍റെ വീഡിയോ ആണിത്. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ ഈ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു.


25 കോടി ചോദിക്കാം, 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം എന്നതായിരുന്നു സംസാരം. പിന്നെയൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തു. എന്നാൽ തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായ ഗോവാസി ലുക്കൗട്ട് നോട്ടീസ് ഇറങ്ങിയതിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. പക്ഷെ സമീർ വാങ്കഡെയുടെ ഭീഷണി തനിക്കുണ്ടെന്നും പ്രഭാക‍ർ പറഞ്ഞു. എന്നാൽ ആരോപണങ്ങളെല്ലാം തള്ളുകയാണ് എൻസിബി. വിശദമായ മറുപടി ഉടൻ തരാമെന്ന് സമീർ വാങ്കഡെ പറയുന്നു.

വാർത്തകൾ

Comments

Popular posts from this blog

Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി....