ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകി; റസ്റ്ററന്റ് ഉടമയെ സ്വിഗ്ഗി ഡെലവെറി ബോയ് കൊലപ്പെടുത്തി


 ഗ്രേറ്റർ നോയിഡ: ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകിയതിന്റെ പേരിൽ റസ്റ്ററന്റ് ഉടമയെ സ്വിഗ്ഗി ഡെലിവെറി ബോയ് കൊലപ്പെടുത്തി. ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഗ്രേറ്റർ നോയിഡയിലെ മിത്ര കോംപ്ലക്സിലാണ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. ഓർഡർ ലഭിച്ച ചിക്കൻ ബിരിയാണിയും പൂരി സബ്സിയും വാങ്ങാനായാണ് സ്വിഗ്ഗി ഡെലിവറി ബോയ് റസ്റ്ററന്റിൽ എത്തിയത്. ബിരിയാണി കൃത്യസമയത്ത് തന്നെ നൽകിയെങ്കിലും പൂരി സബ്സി റെഡിയാകാൻ അൽപം സമയം കൂടി എടുക്കുമെന്ന് റസ്റ്ററന്റ് ജീവനക്കാരൻ ഡെലിവെറി ബോയിയെ അറിയിച്ചു.

ഇതോടെ ഡെലിവറി ബോയ് ജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇയാൾ റസ്റ്ററന്റ് ജീവനക്കാരനെ അസഭ്യം പറഞ്ഞതായും എൻഡിവി റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്താണ് റസ്റ്ററന്റ് ഉടമയായ സുനിൽ അഗർവാൾ വഴക്ക് തീർക്കാനായി ഇടപെട്ടത്. ഇതോടെ ഡെലിവറി ബോയ് സുനിൽകുമാറിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഡെലിവെറി ബോയിക്കൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഉടനെ തന്നെ റസ്റ്ററന്റ് ജീവനക്കാർ സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.